Thursday 1 October 2009

ഡയോജനീസിനെത്തേടി ഇവിടെയൊരാള്‍

ഇന്നത്തെ ടര്‍ക്കിയില്‍ ബി.സി. 412-ല്‍ ജനിച്ച തത്വചിന്തകനായിരുന്നു ഡയോജനീസ്‌. ബാല്യകാലം സിനോപിയില്‍ ചെലവഴിച്ച ശേഷം ഏതന്‍സിലായിരുന്നു ഡയോജനീസിന്റെ ജീവിതം. സമൂഹം ഭ്രാന്തനായി ചിത്രീകരിച്ച ഇദ്ദേഹം ആരോരുമില്ലാത്തവനായി തെരുവോരത്ത്‌ ഒരു വീപ്പയ്‌ക്കുള്ളില്‍ കഴിഞ്ഞുകൂടി. ഡയോജനീസിന്റെ വിചിത്രമായ പ്രവര്‍ത്തികള്‍ ചിന്തോദ്ദീപകങ്ങളായിരുന്നു. സമൂഹത്തിനാകട്ടെ അത്‌ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുമില്ല. ബി.സി. 323-ല്‍ കൊറിന്തില്‍ വച്ച്‌ മരണമടയുന്നത്‌ വരെ അദ്ദേഹം ദരിദ്രനായ ഒരു സഞ്ചാരിയായി പൊതുസ്ഥലങ്ങളില്‍ ഉറങ്ങിയും ഭിക്ഷാടനം നടത്തിയും ജീവിച്ചു. ഇദ്ദേഹത്തിന്റെ തുറന്നടിച്ചുള്ള സംസാരം അക്കാലത്ത്‌ പലരെയും അസ്വസ്ഥരാക്കി. ഡയോജനീസിന്റെ വിചിത്ര പ്രവര്‍ത്തികളില്‍ ശ്രദ്ധേയമായ ഒന്ന്‌ പകല്‍വെളിച്ചത്തില്‍ വിളക്ക്‌ കത്തിച്ചുള്ള യാത്രയായിരുന്നു. നട്ടുച്ച വെയിലത്തും കത്തിച്ചു പിടിച്ച റാന്തല്‍വിളക്കുമായി ഏതന്‍സ്‌ തെരുവീഥിയിലൂടെ നടന്നു പോയ ഇദ്ദേഹം തേടിയത്‌ `മനുഷ്യനെ'യായിരുന്നത്രേ.


മനുഷ്യനായി ജനിച്ചാല്‍ മാത്രം മനുഷ്യനാകില്ലെന്നായിരുന്നു ഡയോജനീസിന്റെ വിശ്വാസം. മനുഷ്യനെത്തേടിയുള്ള ഡയോജനീസിന്റെ യാത്രകള്‍ സഫലമായിരുന്നോ എന്ന്‌ വ്യക്തമല്ല. അനേകം മഹത്തുക്കള്‍ക്ക്‌ ജന്മമേകിയ ലോകം, ഡയോജനീസിന്‌ മറുപടി നല്‌കിയിരിക്കാം. അത്‌ ഡയോജനീസ്‌ കണ്ടിരുന്നോ എന്നുമറിയില്ല. എന്നാലിതാ 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിതമാരംഭിച്ച,്‌ 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും കാലൂന്നി നില്‌ക്കുന്ന ഒരു മനുഷ്യന്‍. ഡയോജനീസ്‌ തേടിയത്‌ ഇത്തരമൊരാളെയായിരുന്നോ ? ജീവിതം കൊണ്ട്‌ തന്റെ കുടുംബത്തിന്‌ മാത്രമല്ല, നാടിനും സമൂഹത്തിനും സഭയ്‌ക്കും സഹകാരികള്‍ക്കും ഗുണമുണ്ടാകണമെന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിച്ച മനുഷ്യന്‍. അതാണ്‌ ഈ ലേഖകന്‍ അടുത്തറിഞ്ഞ കെ.എ. തോമസ്‌. നന്മയും സ്‌നേഹവും കാരുണ്യവും ഹൃദയത്തില്‍ നിറച്ച്‌ സഹായം തേടുന്ന കരങ്ങളെ അവഗണിക്കാത്ത ഇദ്ദേഹത്തിന്റെ അക്ഷയപാത്രത്തെ ദൈവം നിറച്ചു കൊടുത്തുകൊണ്ടിരുന്നു.


പാലക്കുഴ പഞ്ചായത്തിന്റെ സുവര്‍ണകാലമായിരുന്നു 1979 മുതലുള്ള 16 വര്‍ഷം. എതിരില്ലാതെ പഞ്ചായത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട കെ.എ. തോമസ്‌ ഒന്നര ദശാബ്‌ദത്തിലേറെ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. അധികാര വികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത്‌ സംവിധാനവും കടന്ന്‌ വരുന്നതിന്‌ മുമ്പ്‌ നാടിന്റെ വികസന പ്രക്രിയയില്‍ പഞ്ചായത്തുകളുടെ പങ്ക്‌ തുലോം പരിമിതമായിരുന്നുവല്ലോ. എന്നാല്‍ ഇക്കാലയളവില്‍ പാലക്കുഴയില്‍ നിന്നുയര്‍ന്ന പരിവര്‍ത്തനത്തിന്റെ പാഞ്ചജന്യം, കേരളക്കരയാകെ മുഴങ്ങി. 1982-83 വര്‍ഷത്തെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാനതല പുരസ്‌കാരം പാലക്കുഴയ്‌ക്ക്‌ ലഭിച്ചത്‌ ഈ വികസനമികവിന്റെ അംഗീകാരമായിരുന്നു. സര്‍ക്കാരില്‍ നിന്ന്‌ അനുവദിപ്പിച്ച ആതുരാലയങ്ങള്‍, ഗതാഗതസൗകര്യം പോലുമില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സ്ഥാപിച്ച്‌ ആ പ്രദേശങ്ങളുടെ ത്വരിത വികസനം സാധ്യമാക്കിയ ദീര്‍ഘവീക്ഷണത്തെ അനുമോദിക്കാതെ വയ്യ.


രാഷ്‌ട്രീയവൈരങ്ങളില്ലാതെ വ്യക്തികളോട്‌ ഇടപെടാനും വിഷയങ്ങളെ സമീപിക്കാനുമുള്ള ഇദ്ദേഹത്തിന്റെ സവിശേഷമായ കഴിവ്‌ എടുത്ത്‌ പറയേണ്ടതാണ്‌. പ്രാദേശിക രാഷ്‌ട്രീയത്തില്‍ അദ്ദേഹം നിറഞ്ഞ്‌ നിന്ന 1980-കളില്‍, പാലക്കുഴയില്‍ നിന്ന്‌ പോലീസ്‌ സ്റ്റേഷനുകളിലും കോടതികളിലും കേസുകള്‍ കാര്യമായി ഇല്ലായിരുന്നുവെന്ന്‌ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഇരുകൂട്ടരും `തോമസ്‌ സാറി'ന്റെയടുത്തേക്ക്‌ ഓടിയെത്തും. അവിടെ തീരാത്ത കേസുകള്‍ നന്നേ കുറവായിരിക്കും. പക്ഷഭേദമില്ലാതെ, രാഷ്‌ട്രീയം കലര്‍ത്താതെ, മുഖം നോക്കാതെയുള്ള ഈ തീര്‍പ്പുകള്‍ക്ക്‌ ജനവിശ്വാസമേറെയായിരുന്നു. തര്‍ക്കങ്ങളില്‍ ശാശ്വത സമാധാനമുണ്ടാക്കാന്‍ `അപ്പീലില്ലാത്ത' ഇത്തരം തീര്‍പ്പുകള്‍ക്ക്‌ കഴിഞ്ഞിരുന്നു താനും. 1988-ല്‍ പാലക്കുഴ സഹകരണ ബാങ്കിന്റെ ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പറായി തുടങ്ങിയ സഹകാരി ജീവിതം ഇന്നും പ്രസിഡന്റെന്ന നിലയില്‍ വിജയകരമായി തുടരുകയാണ്‌. ഇദ്ദേഹം ഭരണസാരഥ്യമേറ്റത്‌ മുതല്‍ ആവിഷ്‌കരിച്ച ജനക്ഷേമ പദ്ധതികളും ഈ പ്രസ്ഥാനത്തിനുണ്ടായ വികസനവും ശ്രദ്ധേയമാണ്‌. വടക്കന്‍ പാലക്കുഴ, കോഴിപ്പിള്ളി എന്നിവിടങ്ങളിലെ പുതിയ ബ്രാഞ്ചുകളും വിപുലീകരിക്കപ്പെട്ട വളംഡിപ്പോകളും ഇവയില്‍ ചിലത്‌ മാത്രം.


മലങ്കര യാക്കോബായ സുറിയാനി സഭ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന്‌ പോകുമ്പോഴാണ്‌ സഭയുടെ അല്‌മായ ട്രസ്റ്റിയായി ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്‌. സഭാരംഗത്ത്‌ നല്‌കിയ അമൂല്യമായ സംഭാവനകളെ മാനിച്ച്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ 2000-ല്‍ നല്‌കിയ കമാന്‍ഡര്‍ പദവി, ആ മികവിനുള്ള അംഗീകാരം കൂടിയായിരുന്നു. ആകമാന സുറിയാനി സഭ അല്‌മായര്‍ക്ക്‌ നല്‌കുന്ന ഈ പരമോന്നത പദവി, കെ.എ. തോമസിന്‌ ലഭിച്ചത്‌ പാലക്കുഴ ഇടവകയ്‌ക്കും കണ്ടനാട്‌ ഭദ്രാസനത്തിനും അഭിമാനിക്കത്തക്കതായി. യാക്കോബായ ക്രിസ്‌ത്യന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ ട്രഷറര്‍, കണ്ടനാട്‌ ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി, സഭാവര്‍ക്കിംഗ്‌ കമ്മറ്റിയംഗം എന്നിങ്ങനെ വിവിധ ചുമതലകള്‍ ഈ കരങ്ങളില്‍ ഭരമേല്‌പ്പിക്കപ്പെട്ടിരിക്കുന്നു. കറയില്ലാത്തൊരു രാഷ്‌ട്രീയക്കാരനെയാണ്‌ കെ.എ. തോമസില്‍ ഇന്നാട്ടുകാര്‍ ദര്‍ശിക്കുന്നത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയിലും ഗവണ്‍മെന്റ്‌ അംഗീകൃതകരാറുകാരന്‍ എന്ന നിലയിലും ഇദ്ദേഹം കൈവച്ചതും, തുടക്കമിട്ടതും, രാജ്യത്ത്‌ തന്നെ ശ്രദ്ധേയവും പ്രധാനപ്പെട്ടതുമായ പദ്ധതികളിലാണ്‌ എന്നോര്‍ക്കുക. വേമ്പനാട്ടു കായലിന്റെ ഇരുകരകളെ ബന്ധിപ്പിക്കുന്ന തണ്ണീര്‍മുക്കം ബണ്ട്‌, കല്ലട ജലസേചനം, കൊങ്കണ്‍ റയില്‍വേ, ബേപ്പൂര്‍, പുതിയാപ്പ, തോട്ടപ്പിള്ളി, കായംകുളം തുറമുഖങ്ങള്‍, മുവാറ്റുപുഴവാലി, ഇടമലയാര്‍ ജലസേചനപദ്ധതികള്‍ എന്നിവയുടെ നിര്‍മാണത്തിലെല്ലാം കെ.എ. തോമസിന്റെ കരസ്‌പര്‍ശമുണ്ട്‌. കൊങ്കണ്‍ റയില്‍വേയില്‍ കാലാവധിക്കു മുമ്പായി പണികള്‍ പൂര്‍ത്തിയാക്കിയതിന്‌ അന്നത്തെ കര്‍ണ്ണാടക മുഖ്യമന്ത്രി വീരപ്പമൊയ്‌ലി, പ്രത്യേക പുരസ്‌കാരം നല്‌കി കെ.എ. തോമസിനെ അംഗീകരിക്കുകയായിരുന്നു. തൊഴിലില്ലായ്‌മ രൂക്ഷമായിരുന്ന 1980-കളിലും 90-കളിലും ഈ മേഖലയിലെ നൂറ്‌ കണക്കിന്‌ യുവജനങ്ങള്‍ക്കാണ്‌ കെ.എ. തോമസ്‌ മാനേജിംഗ്‌ പാര്‍ട്‌ണറായ ടി.എം. കണ്‍സ്‌ട്രക്ഷന്‍സ്‌ എന്ന സ്ഥാപനം മാന്യമായ ജോലി നല്‌കിയത്‌.


1959-ല്‍ ചുറുചുറുക്കുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ തുടങ്ങിയ പൊതു ജീവിതം പതിറ്റാണ്ടുകള്‍ പിന്നിട്ട്‌ അടുത്ത നൂറ്റാണ്ടിലെത്തി നില്‌ക്കുമ്പോള്‍ കെ.എ. തോമസിന്‌ അഭിമാനിക്കാന്‍ ഇനിയുമേറെയുണ്ട്‌. എന്നാല്‍ നീ എത്രത്തോളം ഉന്നതനാകുന്നോ അത്രത്തോളം വിനീതനാവുകയെന്ന വേദവാക്യം നെഞ്ചിലേറ്റി മാതൃകയാവുകയാണീ മഹത്‌ വ്യക്തിത്വം. തൊടുന്നതെല്ലാം പൊന്നാക്കിയുള്ള ഈ ജീവിതപ്രയാണം വരും തലമുറയ്‌ക്ക്‌ മാതൃകയാകട്ടെ. നന്മ നിറഞ്ഞ ലോകം സാധ്യമാകാന്‍ കൂടുതല്‍ കെ.എ. തോമസുമാരുണ്ടാകട്ടെ.


എഡിറ്റര്‍

No comments:

Post a Comment

Back to TOP