Sunday 9 August 2009

നന്മയുടെ സൂര്യതേജസ്സ്‌

1939 ഒക്‌ടോബര്‍ 25-ന്‌ പാലക്കുഴ കരോട്ടുപുത്തന്‍പുരയില്‍ ശ്രീ. വര്‍ഗ്ഗീസ്‌ ഐപ്പിന്റെയും പുതുവേലില്‍ കണ്ണോത്ത്‌ ശ്രീമതി മറിയാമ്മയുടേയും ഇളയപുത്രനായി ജനിച്ചു. പാലക്കുഴ ഗവണ്‍മെന്റ്‌ സ്‌കൂള്‍, വടകര സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. പിന്നീട്‌ മദ്രാസ്‌ സര്‍ക്കാരിന്റെ കീഴില്‍ സിവില്‍ എന്‍ജിനീയറിംഗ്‌ വിജയിച്ചു.

1959 ജനുവരി 9-ന്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ വര്‍ക്ക്‌ സൂപ്പര്‍വൈസറായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന്‌ 1960-ല്‍ പൊതുമരാമത്ത്‌ വകുപ്പിലായി സേവനം. വേമ്പനാട്ടു കായലിന്റെ ഇരുകരകളെ ബന്ധിപ്പിക്കുന്ന തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രാരംഭ നിര്‍മ്മാണത്തില്‍ പങ്കാളിയായി. 1974 ഡിസംബര്‍ 31-ന്‌ സര്‍ക്കാര്‍ ജോലി സ്വമേധയാ രാജിവെച്ചു.പിന്നീട്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത്‌ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കരാറുകാരനായി. കല്ലട ജലസേചനം, കൊങ്കണ്‍ റയില്‍വേ, ബേപ്പൂര്‍, പുതിയാപ്പ, തോട്ടപ്പിള്ളി, കായംകുളം എന്നീ തുറമുഖങ്ങളും മുവ്വാറ്റുപുഴവാലി, ഇടമലയാര്‍ ജലസേചനപദ്ധതി തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
ഇപ്പോഴത്തെ ദില്ലി മെട്രോ റയില്‍വേയുടെ ചെയര്‍മാനായശ്രീ. ഇ. ശ്രീധരന്റെ സാങ്കേതിക നിര്‍ദ്ദേശങ്ങളോടെ ദീര്‍ഘകാലം കൊങ്കണ്‍ റയില്‍വേയില്‍ പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ കൊങ്കണ്‍ റയില്‍വേയില്‍ കാലാവധിക്കു മുമ്പായി പണികള്‍ പൂര്‍ത്തിയാക്കിയതിന്‌ അന്നത്തെ കര്‍ണ്ണാടക മുഖ്യമന്ത്രി ശ്രീ. വീരപ്പമൊയ്‌ലിയില്‍ നിന്നും പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി.

1979-ല്‍ പാലക്കുഴ ഗ്രാമപഞ്ചായത്തിലേയ്‌ക്ക്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ച്ചയായി 16-വര്‍ഷക്കാലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. ഈ കാലയളവില്‍ 1982-83 വര്‍ഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാനതല പുരസ്‌കാരം പാലക്കുഴ ഗ്രാമപഞ്ചായത്തിന്‌ ലഭിച്ചു. 1988 മുതല്‍ 1995 വരെ പാലക്കുഴ സഹകരണ ബാങ്കിന്റെ ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പറായും, 1995 മുതല്‍ നാളിതുവരെ ബാങ്കിന്റെ പ്രസിഡന്റ്‌ എന്ന നിലയിലും പ്രവര്‍ത്തിച്ചു വരുന്നു. ബാങ്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ ദിശാബോധം നല്‍കിയതില്‍ നേതൃത്വ പരമായ പങ്കു വഹിച്ചു. ദീര്‍ഘകാലം പാലക്കുഴ കോണ്‍ഗ്രസ്‌ (ഐ) മണ്‌ഡലം പ്രസിഡന്റായും ഇപ്പോള്‍
ഡി.സി.സി. മെമ്പറായും പ്രവര്‍ത്തിച്ചുവരുന്നു.

978 മുതല്‍ യാക്കോബായ സഭയുടെ മാനേജിംഗ്‌ കമ്മറ്റിയംഗമാണ്‌. സഭയുടെ പ്രതിസന്ധി കാലഘട്ടത്തില്‍ അത്മായ ട്രസ്റ്റിയായി സേവനം അനുഷ്‌ഠിച്ചു. യാക്കോബായ ക്രിസ്‌ത്യന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ ട്രഷററായും, കണ്ടനാട്‌ ഭദ്രാസന ജോയിന്റ്‌ സെക്രട്ടറിയായും സഭയുടെ വര്‍ക്കിംഗ്‌ കമ്മറ്റിഅംഗമായും വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. സഭയിലും സാമൂഹിക രംഗത്തും നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ 2000-ാംമാണ്ടില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായില്‍ നിന്നും കമാന്‍ഡര്‍ പദവി ലഭിച്ചു.1963-ല്‍ കുന്നക്കാല്‍ പാപ്പാലില്‍ പുത്തന്‍പുരയില്‍ (കൂലങ്ങാട്ടില്‍) ശ്രീ. ചെറിയയുടെയും ശ്രീമതി ഏലിയുടേയും ഇളയ മകള്‍ മറിയാമ്മയെ വിവാഹം ചെയ്‌തു. ഇവര്‍ക്ക്‌ Dr. പ്യാസ്‌ തോമസ്‌, Er. യേശുദാസ്‌ തോമസ്‌, ഉല്ലാസ്‌ തോമസ്‌ എന്നീ മൂന്നു പുത്രന്‍മാര്‍ ഉണ്ട്‌. ഇവര്‍ 3 പേരും വിവാഹിതരായി സന്തുഷ്‌ട കുടുംബജീവിതംനയിച്ചുവരുന്നു.

No comments:

Post a Comment

Back to TOP