Saturday 24 October 2009

ആത്മീയ സമ്പത്ത്‌ ഏറ്റവും വലുത്‌:മന്ത്രി ജോസ്‌ തെറ്റയില്‍


കൂത്താട്ടുകുളം: ഭൗതീകസമ്പത്തിനേക്കാള്‍ മനുഷ്യജീവിതത്തില്‍ നേടാന്‍ കഴിയുന്ന ശ്രേഷ്‌ഠമായത്‌ ആത്മീയ സമ്പത്താണെന്ന്‌ മന്ത്രി ജോസ്‌ തെറ്റയില്‍ പറഞ്ഞു. സഭാ മുന്‍ ട്രസ്റ്റിയും പാലക്കുഴ സഹകരണ ബാങ്ക്‌ പ്രസിഡന്റുമായ കമാന്‍ഡര്‍ കെ.എ തോമസിന്റെ സപ്‌തതിയാഘോഷങ്ങളോടനുബന്ധിച്ച്‌ പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘടിപ്പിച്ച സുഹൃത്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു മന്ത്രി.


ഭൗതീകമായി എന്ത്‌ നേടി എന്നതിനേക്കാള്‍, ആത്മീയമായി എന്ത്‌ ആര്‍ജിച്ചു എന്നതാണ്‌ വ്യക്തി ജീവിതത്തില്‍ പ്രസക്തമായത്‌. തന്റെ ജീവിതത്തിലൂടെ ആത്മീയവും ഭൗതീകവുമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ മഹത്‌വ്യക്തിയാണ്‌ കമാന്‍ഡര്‍ തോമസെന്ന്‌ മന്ത്രി അനുസ്‌മരിച്ചു. പൊതുപ്രവര്‍ത്തനരംഗത്തും സഭാമേഖലയിലും കെ.എ തോമസിന്റെ സ്വീകാര്യത ഇതിന്‌ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബിഷപ്‌ ഡോ. എം.കെ കോശി മുഖ്യപ്രഭാഷണം നടത്തി. ജോര്‍ജ്‌ സി. ചാലപ്പുറം കോര്‍ എപ്പിസ്‌കോപ്പ സ്‌നേഹസന്ദേശം നല്‌കി. കെ.സി. മത്തായി ആത്മമിത്ര സന്ദേശം നല്‌കി. പി.സി. ചാക്കോ എംപി, ജോണി നെല്ലൂര്‍, ഫാ. ജോസ്‌ ഐക്കരപ്പറമ്പില്‍, എല്‍. വസുമതിയമ്മ, പി.ജെ. ബേബി, കെ.പി. സലിം, കുഞ്ഞ്‌ വള്ളമറ്റം, ടി.എന്‍. സുനില്‍, സാലി ഷാജു, പി.വി മര്‍ക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ജീവിത നിറവിലെത്തിയവരെ ഡോ. ജോര്‍ജ്‌ ഓണക്കൂര്‍ ആദരിച്ചു.


രാവിലെ നടന്ന സഹകരണ വിദ്യാഭ്യാസ സെമിനാര്‍ എം.എം മോനായി എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. കുര്യാക്കോസ്‌ മാര്‍ ദീയസ്‌കോറോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വക്കച്ചന്‍ ജോസഫ്‌, സനിത ബിജു, ഗീത സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സിറിയക്‌ തോമസ്‌,്‌ എന്‍.പി. പൗലോസ്‌ എന്നിവര്‍ സെമിനാറുകള്‍ നയിച്ചു.
25-ന്‌ രാവിലെ ഏഴിന്‌ സെന്റ്‌ ജോര്‍ജ്‌ ചാപ്പലില്‍ ശ്രേഷ്‌ഠ കാതോലിക്ക ഡോ. ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ മുഖ്യ കര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, 10.30-ന്‌ ചേരുന്ന അനുമോദന സമ്മേളനം കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, മാത്യൂസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി, മന്ത്രി പി.ജെ. ജോസഫ്‌, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, രമേശ്‌ ചെന്നിത്തല, കെ.എം മാണി എംഎല്‍എ, പി.ടി. തോമസ്‌ എംപി, ബാബു പോള്‍ എംഎല്‍എ, ടി.എം ജേക്കബ്‌, തുടങ്ങിയവര്‍ പ്രസംഗിക്കും.

No comments:

Post a Comment

Back to TOP