Sunday 25 October 2009

കമാന്‍ഡര്‍ കെ.എ തോമസിന്‌ `കര്‍മനിരതനായ പുത്രന്‍' പദവി

കൂത്താട്ടുകുളം: സപ്‌തതി ആഘോഷിക്കുന്ന യാക്കോബായ സഭാ മുന്‍ട്രസ്റ്റിയും സഭാവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ട്രഷറാറും ഡി.സി.സി. അംഗവുമായ കമാന്‍ഡര്‍ കെ.എ തോമസിന്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ `ബാര്‍ ഈത്തോ യാസുത്തോനോ' പദവി നല്‌കി. `സഭയുടെ കര്‍മനിരതനായ പുത്രന്‍' എന്നാണ്‌ ഈ പദവിയുടെ അര്‍ഥം. സപ്‌തതിയാഘോഷങ്ങളുടെ സമാപന സമ്മേളനവേദിയില്‍ എപ്പിസ്‌കോപ്പല്‍ സൂനഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത പാത്രിയര്‍ക്കീസ്‌ ബാവയുടെ അനുഗ്രഹ കല്‌പന വായിച്ച്‌ സ്ഥാന ചിഹ്നം അണിയിച്ചു.

ഈ പദവി സഭ മറ്റാര്‍ക്കും നല്‌കിയിട്ടില്ലെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. സഭയ്‌ക്ക്‌ ചെയ്‌ത സേവനങ്ങളെ മാനിച്ച്‌ പാത്രിയര്‍ക്കീസ്‌ ബാവ 2000-ലാണ്‌ തോമസിന്‌ കമാന്‍ഡര്‍ പദവി നല്‌കിയത്‌. നിലവില്‍ സഭയുടെ പരമോന്നത സമിതിയായ വര്‍ക്കിംഗ്‌ കമ്മിറ്റിയില്‍ അംഗമായ തോമസ്‌, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ട്രഷറാറുമാണ്‌. നിലവില്‍ ഡി.സി.സി. അംഗമായ കെ.എ തോമസിന്‌ പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനക്കയറ്റം നല്‌കുമെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചനും വ്യക്തമാക്കി. ഇതു സംബന്ധിച്ച പ്രഖ്യാപനം പിന്നീട്‌ ഉണ്ടാകുമെന്നും അവര്‍ സൂചിപ്പിച്ചു.

No comments:

Post a Comment

Back to TOP