Sunday, 25 October 2009

പ്രതിബദ്ധത മറക്കാത്ത പൊതുപ്രവര്‍ത്തകരെ സമൂഹം മറക്കില്ല:പ്രഫ. കെ.വി തോമസ്‌

കൂത്താട്ടുകുളം: സമൂഹത്തോടുള്ള പ്രതിബദ്ധത മറക്കാത്ത പൊതുപ്രവര്‍ത്തകരെ ജനം എക്കാലവും ഓര്‍മിക്കുമെന്ന്‌ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ്‌ പറഞ്ഞു. കോണ്‍ഗ്രസ്‌ നേതാവും യാക്കോബായ സഭാ അല്‌മായ നേതാവുമായ കമാന്‍ഡര്‍ കെ.എ തോമസിന്റെ സപ്‌തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട മേഖലകളിലും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളിലുമെല്ലാം വിജയക്കൊടി പാറിച്ച കെ.എ തോമസ,്‌ സാമൂഹ്യപ്രതിബദ്ധത മറക്കാത്ത ജനനേതാവാണെന്ന്‌ മന്ത്രി അനുസമരിച്ചു.

ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ അനുഗ്രഹ കല്‌പന എപ്പിസ്‌കോപ്പല്‍ സൂനഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത വായിച്ചു. മാത്യൂസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത മംഗളപത്രം സമര്‍പ്പിച്ചു.

പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി ജൂബിലേറിയനെ ആദരിച്ചു. ഇടവകയുടെ സുവര്‍ണമുദ്ര ജോര്‍ജ്‌ വലിയകുളങ്ങര, സണ്ണി ഇലച്ചിക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന്‌ കെ.എ. തോമസിനെ അണിയിച്ചു. മന്ത്രി പി.ജെ. ജോസഫ്‌ ഭവനപദ്ധതി താക്കോല്‍ദാനവും, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ കെ.എ. തോമസ്‌ ഫൗണ്ടേഷന്‍ ഉദ്‌ഘാടനവും കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല സപ്‌തതി സ്‌മരണികപ്രകാശനവും കെ.എം മാണി എംഎല്‍എ ഡോക്യുമെന്ററി പ്രകാശനവും ടി.എം ജേക്കബ്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണവും പി.ടി. തോമസ്‌ എംപി തൊഴില്‍ പദ്ധതി ഉദ്‌ഘാടനവും ടി.യു കുരുവിള എംഎല്‍എ പുരസ്‌കാര വിതരണവും ബാബു പോള്‍ എംഎല്‍എ സപ്‌തതി സ്‌മാരക വൃക്ഷസമര്‍പ്പണവും നിര്‍വഹിച്ചു.

എം.ജെ ജേക്കബ്‌ എംഎല്‍എ, മുന്‍ എംപി ഫ്രാന്‍സീസ്‌ ജോര്‍ജ്‌, ജോണി നെല്ലൂര്‍, ബെന്നി ബഹനാന്‍, എം.എ കുട്ടപ്പന്‍, വി.ജെ പൗലോസ്‌, മുണ്ടക്കയം സദാശിവന്‍, കെ.എന്‍ സുഗതന്‍, എ.എം ചാക്കോ, വക്കച്ചന്‍ ജോസഫ്‌, തോമസ്‌ പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, മേരി ജോര്‍ജ്‌ തോട്ടം, ഫാ. ജോസ്‌ ഐക്കരപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, പി.ജി. ഗോപിനാഥന്‍, പി.കെ. രാധാകൃഷ്‌ണന്‍, പി.ആര്‍ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കമാന്‍ഡര്‍ കെ.എ തോമസ്‌ മറുപടി പ്രസംഗം നടത്തി. ഫാ. മാത്യൂസ്‌ ചാലപ്പുറം സ്വാഗതവും ജോസ്‌ കെ ജോണ്‍ നന്ദിയും പറഞ്ഞു.

കമാന്‍ഡര്‍ കെ.എ തോമസിന്‌ `കര്‍മനിരതനായ പുത്രന്‍' പദവി

കൂത്താട്ടുകുളം: സപ്‌തതി ആഘോഷിക്കുന്ന യാക്കോബായ സഭാ മുന്‍ട്രസ്റ്റിയും സഭാവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ട്രഷറാറും ഡി.സി.സി. അംഗവുമായ കമാന്‍ഡര്‍ കെ.എ തോമസിന്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ `ബാര്‍ ഈത്തോ യാസുത്തോനോ' പദവി നല്‌കി. `സഭയുടെ കര്‍മനിരതനായ പുത്രന്‍' എന്നാണ്‌ ഈ പദവിയുടെ അര്‍ഥം. സപ്‌തതിയാഘോഷങ്ങളുടെ സമാപന സമ്മേളനവേദിയില്‍ എപ്പിസ്‌കോപ്പല്‍ സൂനഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത പാത്രിയര്‍ക്കീസ്‌ ബാവയുടെ അനുഗ്രഹ കല്‌പന വായിച്ച്‌ സ്ഥാന ചിഹ്നം അണിയിച്ചു.

ഈ പദവി സഭ മറ്റാര്‍ക്കും നല്‌കിയിട്ടില്ലെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. സഭയ്‌ക്ക്‌ ചെയ്‌ത സേവനങ്ങളെ മാനിച്ച്‌ പാത്രിയര്‍ക്കീസ്‌ ബാവ 2000-ലാണ്‌ തോമസിന്‌ കമാന്‍ഡര്‍ പദവി നല്‌കിയത്‌. നിലവില്‍ സഭയുടെ പരമോന്നത സമിതിയായ വര്‍ക്കിംഗ്‌ കമ്മിറ്റിയില്‍ അംഗമായ തോമസ്‌, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ട്രഷറാറുമാണ്‌. നിലവില്‍ ഡി.സി.സി. അംഗമായ കെ.എ തോമസിന്‌ പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനക്കയറ്റം നല്‌കുമെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചനും വ്യക്തമാക്കി. ഇതു സംബന്ധിച്ച പ്രഖ്യാപനം പിന്നീട്‌ ഉണ്ടാകുമെന്നും അവര്‍ സൂചിപ്പിച്ചു.

Back to TOP